മണപ്പ
ബേസിൽ പി. ദാസ്
അട്ടപ്പാടിയിലെ ആദിവാസി ജീവിതമാണ് ഈ നോവലിൻ്റെ പ്രമേയം. അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലൊന്നായ ചൂട്ടറ ഊരാണ് കഥയുടെ കേന്ദ്രസ്ഥലം . കാലം സാക്ഷരതാ പ്രസ്ഥാനമാണ്. ആദിവാസികൾ അവരുടെ ഭാഷയിലും വന്തവാസികൾ അവരുടെ ഭാഷയിലും ഈ നോവലിൽ മിണ്ടുന്നു. അവിടെ നിന്ന് സ്ഥല- കാലങ്ങളെ പൊളിച്ചും പടുത്തും നോവൽ മുന്നേറുന്നു. മലയാളികൾ ഒരിക്കലും കാണുകയോ കേൾക്കുകയോ ചെയ്യാത്ത ഗോത്ര ജീവിതത്തിൻ്റെ പല അടരുകൾ കാട്ടിത്തരുന്നു. അനാദിയായ ബിന്ദുവിൽ നിന്ന് കൊഗാൽ പാടുന്നു. വിത്തും വിളവുമായി കമ്പളം മുറുകുന്നു. മല്ലീശ്വരൻ മുടിയിൽ ദൈവവും മനുഷ്യരും കണ്ടുമുട്ടുന്നു. മലകളും കാട്ടരുവികളും അവയുടെ പുരാവൃത്തങ്ങൾ പറയുന്നു. ലഹരി വിളയുന്ന കാടുകൾ , വാറ്റു കേന്ദ്രങ്ങൾ , ചൂഷകൻ്റെ കരിമരുന്നു പ്രയോഗങ്ങൾ , അവക്കിടയിൽ അക്ഷരദീപം കത്തിക്കാൻ പെടാപ്പാട് പെടുന്ന ഒരു മനുഷ്യൻ്റെ ദൈന്യതകൾ. ആദിവാസി സ്ത്രീകളുടെ ഉജ്ജ്വലമായ സമരപോരാട്ടങ്ങൾ.