Back to Top
Categories:
Book Review
Tags:
sthoonakarnnan
,
saraswathy
,
malayalam-novel
,
mahabharath-story
,
ivorybooks
,
ivory-books
,
ivory
,
book shope
സ്ഥൂണാകർണൻആരാണ്?
സ്ഥൂണാകർണന് കർണനുമായി ബന്ധമൊന്നുമില്ല. പിന്നെ ആതാരാണ്
എന്നറിയണമെങ്കിൽ ഈ പുസ്തകം വായിക്കണം
ചില പുസ്തകങ്ങൾ നമ്മെ തേടി വരും. ജീവിതമൊരുക്കുന്ന
ആകസ്മികതയാവാമത്. അങ്ങിനെ എന്നെ അന്വേഷിച്ചു വന്ന പുസ്തകമാണ്
സരസ്വതിയെഴുതിയ " സ്ഥൂണാകർണ്ണൻ ' . പാലക്കാട് പോയപ്പോൾ മുരളി മാഷാണ്,ഒന്ന് വായിച്ചു നോക്കൂ എന്നു പറഞ്ഞ് പുസ്തകം തന്നത്.
വ്യക്തിപരമായ തിരക്കിനിടയിലും ആ പുസ്തകം വായിച്ചു തീർത്തത് അതിന്റെ
മേന്മ കൊണ്ടാണ്.
മഹാഭാരതം കഥകളുടെ ഖനിയാണ് എന്ന് നമുക്കറിയാം.ആ ഫലഭൂയിഷ്ഠമായ
മണ്ണിൽ ആഴത്തിൽ കുഴിച്ചാൽ പുതിയ കഥകൾ കണ്ടെത്താൻ കഴിയും.എന്നാൽ
അതിനു പലരും ശ്രമിക്കാറില്ല എന്നതാണ് സത്യം. പറഞ്ഞു കേട്ട, അല്ലെങ്കിൽ
പരിചിതമായ പല കഥകളെയും അപനിർമ്മിക്കുകയോ, മോടി കൂട്ടുകയോ
ആണ് സാധാരണ പതിവ്.അതിനപുറം ,ഇതുവരെയാരും കടന്നു
ചെല്ലാത്തയിടങ്ങളിൽ ചെന്ന് അവിടെ നിന്നും കൂടുതൽ മധുരമുള്ള കഥകൾ തേടി
കണ്ടെത്താൻ പലരും ശ്രമിക്കാറില്ല. സരസ്വതി അതിനു ശ്രമിച്ചു.അതിനുള്ള
പ്രതിഫലമാണ് മനോഹരമായ ഈ പുസ്തകം.
ശിഖണ്ഡിയെ അറിയാത്തവർ വിരളമാകും. അപരാജിതനായ ഭീഷ്മരെ
വീഴ്ത്താൻ ജന്മമെടുത്തവൻ. അതൊ ജന്മമമടുത്തവളൊ? ഭീഷ്മർ വീണാലെ
കുരുക്ഷേത്ര യുദ്ധം അവസാനിക്കൂ.അതിനു കഴിവുള്ളവർ ഭൂമിയിൽ
പിറന്നിട്ടില്ല. ശക്തി കൊണ്ട് അദ്‌ദേഹത്തെ ജയിക്കാനാകില്ല. അപ്പോൾ പിന്നെ
അദ്ദേഹത്തിന്റെ ദൗർബല്യത്തെ 'മുതലെടുക്കുകയെ തരമുള്ളൂ.അതിന് കാലം നിയോഗിച്ച അഭിശപ്തയായ ഒരു വ്യക്തിയാണ് ശിഖണ്ഡി. ആണും പെണ്ണും
കെട്ടവൻ അഥവാ കെട്ടവൾ. മനുഷ്യ ജന്മമായി രൂപാന്തരം പ്രാപിച്ച
അംബയൊഴുക്കിയ കദനക്കണ്ണീർ. ഒരു മഹാ വ്യക്ഷത്തെ അബെയ്തു വീഴ്ത്താൻ
അർജ്ജുനന് ഒരു മറ . അത്രയൊക്കെ പ്രസക്തിയെ കഥയിൽ ശിഖണ്ഡിക്കുള്ളൂ.
ഒരു മഹാനാടകത്തിലെ അപ്രസക്തനായ കഥാപാത്രം.
എന്നാൽ ശിഖണ്ഡിയൊരു പെണ്ണായാണ് ജനിച്ചതെന്നും, പിന്നീട് ഒരു ഗന്ധർവന്റെ
കനിവിനാൽ തികഞ്ഞൊരാണായി മാറിയതാണെന്നും പറഞ്ഞാൽ ആ കഥ
കേൾക്കാനുള്ള നമ്മുടെ ജിജ്ഞാസ വർദ്ധിക്കുന്നു.ആ കൗതുകത്തോടെയാണ്ഞാനീ
പുസ്തകം വായിച്ചത്. ആ വെറുമൊരു കൗതുകത്തെ നല്ലൊരു
വയനാനുഭവമാക്കി മാറ്റാൻ സരസ്വതിയുടെ എഴുത്തിന് കഴിഞ്ഞു എന്നതാണ്
ഈ പുസ്തകത്തിന്റെ വിജയം.
പുസ്തകത്തിന്റെ ഇതിവൃത്തത്തിനെക്കുറിച്ച് മുകളിൽ പറഞ്ഞ സൂചനയെക്കാൾ
കൂടുതൽ ഞാൻ പറയുന്നില്ല.എങ്കില്ും ഈ പുസ്തകത്തിന്റെ മറ്റു ചില്
സവിശേഷതകൾ എടുത്തു പറയേണ്ടതുണ്ട്.
അതിലൊന്ന് സ്ത്രീയെന്ന വിഷയം തന്നെയാണ്. പുരാണോതി ഹാസങ്ങളിലെ പല
കഥാപാത്രങ്ങളെയും മുൻ നിർത്തി ഒരുപാട് ചർച്ചകളും പഠനങ്ങളും
നടക്കുന്നുണ്ട്. മഹാഭാരതത്തിൽ , ദ്രൗപദിയുടെ വസ്ത്രാക്ഷേപത്തോളം തന്നെ
പ്രാധാന്യമർഹിക്കുന്ന കഥയാണ് അംബ, അംബിക,അംബാല്ികമാരെ
തട്ടിക്കൊണ്ടു വരൽ.ആൺക്കരുത്തിന്റെ ഉത്തമ ഉദാഹരണം. സ്ത്രീയെ വെറും
ഭാര്യയായും, വംശപരമ്പരയെ മുന്നോട്ടു കൊണ്ടു പോകാനുള്ള വെറും
ഉപാധിയായും കാണുന്ന സങ്കുചിത ചിന്തയക്ക് ഇതിനെക്കാൾ നല്ല
തെളിവുണ്ടാകില്ല.അതിൽ ചതച്ചരയ്ക്കപ്പെട്ടത് മൂന്നു സ്ത്രീ ജന്മങ്ങളാണ്.
അവരുടെ സ്വപ്നങ്ങൾക്കും, സുഖങ്ങൾക്കും കാമനകൾക്കും ആരും
വില്കൽപിച്ചില്ല.അതിൽ രണ്ടു പേർ വിധിയെ അംഗീകരിച്ച് അടിയറവു
പറഞ്ഞപ്പോൾ ഒരാൾ മാത്രം വിധിയെ തന്നെ മാറ്റി മറയ്ക്കാനുള്ള ഒറ്റയാൾ
യുദ്ധത്തിന് തയ്യാറായി.അതിന്റെ പ്രത്യാഘാതങ്ങൾ വളരെ വലുതായിരുന്നു. ഒരു
സ്ത്രീയുടെ ആ പോരാട്ടമാണ് കുരുക്ഷേത്രയുദ്ധത്തിന്റെ ഗതി തിരിച്ചുവിട്ടത്. ആ
പോരാട്ടം ഒട്ടും വിഫലമായില്ല എന്നു ഈ പുസ്തകം തെളിയിക്കുന്നു.
ഇതിഹാസത്തിലെ കരുത്തരായ പല് സ്ത്രീ കഥാപാത്രങ്ങളെയും നമുക്കറിയാം.
അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി , എന്നീ പഞ്ചകന്യകകളെ നിത്യം
സ്മരിക്കണമെന്നു പഴമക്കാർ പറഞ്ഞു പഠിപ്പിച്ച നാട്ടില്ാണ് സ്ത്രീത്വം
നിത്യേനയെന്ന വണ്ണം പിച്ചി ചീന്തപെടുന്നത്. യഥാർത്ഥത്തിൽ സ്ത്രീ സുരക്ഷ
ഉറപ്പു വരുത്താൻ ഇവിടെ എന്തു സംവിധാനമാണുള്ളത്. വർഷത്തിലൊരിക്കൽ
രക്ഷാബന്ധന്റെ ചരടു കെട്ടിയതു കൊണ്ട് ഇവിടെ ഏതെങ്കില്ും സ്ത്രീകൾ
ആശങ്ക കൂടാതെ ജീവിക്കുന്നുണ്ടൊ? അത്തരം സാഹചര്യത്തിൽ അവരുടെ
ജന്മോദ്ദേശ്യത്തിന്റെ സാഫല്യത്തിനായി , ഒരു സ്ത്രീക്ക് ഒരു പുരുഷൻ തന്റെ
പുരുഷത്വം ദാനം ചെയ്യുന്നത് നമ്മെ അമ്പരപ്പിക്കും.ആ അമ്പരപ്പിലാണ് ഈ
പുസ്തകം ഞാൻ വായിച്ചു തീർത്തത്. വസ്ത്രാക്ഷേപ സമയത്ത് കൃഷ്ണൻ
പഞ്ചാല്ിക്ക് വസ്ത്രമാണ് കൊടുത്തത്.എന്നാൽ ഇവിടെ ഒരാൾ തന്റെ പൗരുഷം
തന്നെ കൊടുക്കാൻ തയ്യാറാവുന്നു.അതിനു വേണ്ടി തന്റെ സുഖകരമായ
ജീവിതവും,അതീവ സുന്ദരിയായ കാമുകിയേയും അയാൾ വേണ്ടന്നു
വെയ്ക്കുന്നു.അതിന്റെ പേരിൽ കഠിനമായ ശാപമേൽക്കുമ്പോഴും തന്റെ
നിശ്ചയത്തിൽ നിന്നും പിന്തിരിയാൻ അയാൾ തയ്യാറാവുന്നില്ല. സ്ത്രീ പുരുഷ
സമത്വത്തെക്കുറിച്ച് ഏറെ ചർച്ചകൾ നടക്കുന്ന ഈ കാലഘട്ടത്തിൽ ഈ കഥ വളരെ
പ്രസക്തമാകുന്നു. ആരാണ് ഈ കഥാപാത്രം എന്നറിയാനുള്ള കൗതുകം
ഉണ്ടാകുമെന്നറിയാം. ആ ആകാംക്ഷ നിങ്ങളെ ഈ പുസ്തകത്തിലേക്കെത്തിക്കട്ടെ
എന്ന ആഗഹത്തിൽ അതിനെ കുറിച്ച് കൂടുതലിവിടെ വിവരിക്കുന്നില്ല.
ഈ പുസ്തകത്തിന്റെ മറ്റൊരു സവിശേഷത അതിന്റെ ഭാഷയാണ്. മലയാള
ഭാഷയുടെ സൗന്ദര്യം നഷ്ടപ്പെട്ടു പോയോ എന്ന് ആശങ്കപ്പെടുന്ന കാലത്ത്, ഇല്ല, ആ
ഭാഷയുടെ ലാവണ്യം ഒട്ടും ചോർന്നു പോയിട്ടില്ല എന്ന് സരസ്വതിയുടെ എഴുത്ത്
നമ്മുക്കുറപ്പുതരുന്നു. ഭാഷ ഒരു വരദാനമാണ്.അതിന് വർഷങ്ങളുടെ ഉപാസന
ആവശ്യമുണ്ട്. മനസ്സിന്റെ പാലാഴിയിൽ നിന്നും വാക്കുകൾ കടഞ്ഞെടുക്കാൻ ക്ഷമ
വേണം. സരസ്വതി വാക്കുകളുടെ ഉപാസകയാണ് എന്ന് ഈ പുസ്തകം
തെളിയിക്കുന്നു. ധ്യാനനിരതയായ ഒരെഴുത്തുകാരിയുടെ തെളിമയും ശുദ്ധിയും
എഴുത്തിന്റെ തിളക്കം കൂട്ടുന്നു. മനുഷ്യ ശരീരങ്ങളുടെ ഇണ ചേരലിന്റെ
രംഗങ്ങളുണ്ട് പുസ്തകത്തിൽ. സഭ്യതയുടെ അതിർവരമ്പുകൾ അല്പം പോലും
ലംഘിക്കാതെയും,എന്നാൽ ആ കൂടിച്ചേരലിന്റെ തീവ്രതയും തീക്ഷണതയും ഒട്ടും
ചോർന്നു പോകാതെയും, കഥാകാരി ആ രംഗങ്ങളെ മനോഹരമായി നമുക്ക്
വിവരിച്ചു തരുന്നു. സൂക്ഷിച്ചു കാൽ വെച്ചിലെങ്കിൽ വഴുതി പോകാൻ
സാധ്യതയുള്ള വിഷയമാണിത്.അതിലേക്ക് കഥാകാരി, ഇരുത്തം വന്ന
ഒരെഴുത്തുകാരിയുടെ തന്മയതത്തോടെ കടന്നു ചെല്ലുന്നു.അത് കഥയ്ക്ക്
മാറ്റു കൂട്ടുകയും ചെയ്യുന്നു.
ഗന്ധർവന്റെ കഥയാകുമ്പോൾ പ്രകൃതിക്കു കടന്നു വരാതിരിക്കാനാവില്ലല്ലോ.
എന്നാൽ ഇന്ന് നമുക്ക് പ്രകൃതിയുമായുള്ള നേരിട്ടുള്ള അനുഭവം വളരെ
കുറവാണ്. കേട്ടും, വായിച്ചുമുള്ള അറിവാണ് കൂടുതൽ. മലമുകളിലേക്കും,
കാട്ടിലേക്കും, കടൽത്തീരത്തേക്കുമൊക്കെ നമ്മൾ പോകുന്നത് വിനോദ
സഞ്ചാരിയായിട്ടാണ്. വെറും കാഴ്ചക്കാരായി. അപ്പോഴൊന്നും നാം
പ്രകൃതിയിലേക്ക് ഇറങ്ങിച്ചെല്ലുന്നില്ല,അതിന്റെ ഭാഗമാകുന്നില്ല.എന്നാൽ
കഥയിൽ സരസ്വതി നമ്മെ നാം ഇതുവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത പ്രപകൃതി
സൗന്ദര്യത്തിലേക്ക് കൂട്ടി കൊണ്ട് പോകുന്നു. ഇവിടെയോരോ ചെടിക്കും, ഓരോ
പൂവിനും പേരുണ്ട്.ആ ജൈവ വൈവിദ്ധ്യത്തിലേക്ക് എഴുത്തുകാരി നമ്മെ
കൈപിടിച്ചു കൊണ്ടു പോകുമ്പോൾ നമുക്ക് കാഴ്ച്ചക്കാരായി മാറി നിൽക്കാൻ
കഴിയില്ല. നാമറിയാതെ ആ യാത്രയുടെ ഭാഗമാകുന്നു. “ രാത്രിയിൽ ഒരു
പൂവിന്റെ മന്ദസ്മിതത്തിൽ കിടന്നുറങ്ങിയ” സുഖം നമ്മൾ അനുഭവിക്കുന്നു.
ആവർത്തന വിരസമാകാതെ, പല വർണങ്ങളിൽ , പ്രകൃതിയുടെ ഒരു പാട്
ചിത്രങ്ങൾ കഥാകാരി വരച്ചിടുന്നു.ആ വർണനയിൽ സരസ്വതി ദേവിയുടെ
അനുഗ്രഹത്തിന്റെ ധാരാളിത്തമുണ്ട്. അതു വായിക്കുമ്പോൾ പനിനീർച്ചോലയിൽ
കുളിച്ചു കയറിയ ഉന്മേഷം വായനക്കാരനുണ്ടാവും.
ഇതൊക്കെ പറയുമ്പോഴും എല്ലാം കൊണ്ടും സുഭദ്രമായ ഒരു നോവലാണ് ഇതെന്ന്
എനിക്ക് അഭിപ്രായമില്ല. നന്നാക്കാമായിരുന്ന പല ഘടകങ്ങളും ഈ
പുസ്തകത്തിലുണ്ട്. പുസ്തകത്തിന്റെ പേര് സ്ഥൂണാകർണൻ എന്നായതു
കൊണ്ട് ആ കഥാപാത്രത്തെ കേന്ദ്രസ്ഥാനത്തു നിർത്തി കഥയുടെ ഇതൾ
വിടർത്തിയിരുന്നെങ്കിൽഅതു കൂടുതൽ അർത്ഥ പൂർണമാകുമായിരുന്നു.
ഇവിടെ കൂടുതലും ശിഖണ്ഡിയല്ലേ കഥ പറയുന്നത് എന്ന സംശയം
വായനക്കാരനുണ്ടാവും. കുരുക്ഷേത്ര യുദ്ധത്തെക്കുറിച്ചുള്ള ദീർഘമായ
വിവരണങ്ങൾ ഒഴിവാക്കി, പകരം കഥാപാത്രങ്ങളുടെ ആന്തരിക
സംഘർഷങ്ങൾക്കു കൂടുതൽ ഊന്നൽ നൽകിയിരുന്നെങ്കിൽ കഥ കൂടുതൽ
തീവ്രമാകുമായിരുന്നു. അതു പോലെ തന്നെ കഥാപാത്രങ്ങളെ വെറും ഇതിഹാസ
കഥയിൽ തളച്ചിടാതെ അവരെ പുതിയ കാലത്തിന്റെ ഭൂമികയിലേക്ക് കൂടി
വളരാൻ അനുവദിച്ചിരുന്നെങ്കിൽ, കഥയിൽ സൂചിപ്പിച്ച വിഷയങ്ങൾ കൂടുതൽ
സമകാലീനമായേനേ
എങ്കിലും ഇതൊന്നും പുസ്തകത്തിന്റെ വായനാനുഭവത്തിനെ ബാധിക്കുന്നില്ല.
കൂടാതെ ഇത് സരസ്വതിയുടെ ആദ്യ പുസ്തകമാണെന്ന വസ്തുതയും കാണാതെ
പോകരുത്.
വായന തന്നെ ദുർലഭമായി തീരുന്ന ഈ കാലഘട്ടത്തിൽ അറിയപ്പെടുന്ന
എഴുത്തുകാർ തന്നെ വായിക്കപ്പെടാതെ പോകുന്നു.അതുകൊണ്ട് തന്നെ
സരസ്വതിയെ പോലുള്ളവരുടെ പുസ്തകം വായിക്കപെടുകയും , ഇത്തരം
പുതിയ എഴുത്തുകാർക്ക് ഇനിയും എഴുതാനുള്ള പ്രചോദനം കൊടുക്കുകയും
ചെയ്യേണ്ടത് ഓരോ വായനക്കാരന്റെയും കർത്തവ്യമാണ്.
ഒരിക്കലും വറ്റാത്ത കഥാസരിത്സാഗരത്തിൽ ഇടയ്ക്കിടെ മുങ്ങി,അപൂർവ്വ
സുന്ദരങ്ങളായ ഇത്തരം കഥകളെ കണ്ടെത്തി നമ്മെ രസിപ്പിക്കാൻ സരസ്വതിക്കും
മറ്റ് എഴുത്തുകാർക്കും കഴിയട്ടെ എന്നു നമ്മുക്ക് ആഗ്രഹിക്കാം.
സ്ഥൂണാകർണ്ണൻ സരസ്വതിയുടെ ആദ്യത്തെ നോവലാണ്.ഐവറി
പബ്ലിക്കേഷനാണ് ഈ പുസ്തകം വായനകാരിലേക്ക് എത്തിച്ചത്. നല്ലൊരു
പുസ്തകം സമ്മാനിച്ചതിന് അവർക്കും നന്ദി.
രാജേഷ് ആത്രശ്ശേരി
https://ivorybooks.in/ivory-books-sthoona-karnnan.html